യുഎഇയിൽ നിന്ന് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ. മുംബൈയിൽ നടന്ന ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപക രാജ്യമായ യുഎഇയിൽ നിന്നുള്ള വാർഷിക നിക്ഷേപം 5 വർഷത്തിനിടെ മൂന്നിരട്ടിയായിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നതിന് ശേഷം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏകദേശം 300 കോടി ഡോളർ നിക്ഷേപമുണ്ടായി. വരും വർഷങ്ങളിൽ ഇത് 10,000 കോടി ഡോളറാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു . മുംബൈയിൽ നടന്ന ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയും യുഎഇയും തമ്മിൽ ഭക്ഷ്യ ഇടനാഴി സ്ഥാപിക്കുന്നതിലൂടെ 200 കോടി ഡോളറിന്റെ നിക്ഷേപം ആകർഷിക്കും.
ഡേറ്റ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജം, ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലേക്ക് മധ്യപൂർവദേശത്തുനിന്ന് കാര്യമായ നിക്ഷേപം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു . സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയ്‌ക്കു പുറമെ ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന് സൗജന്യ സ്ഥലം യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനടക്കമുള്ളവർ കർമസമിതി യോഗത്തിൽ പങ്കെടുത്തു













