തിരുവനന്തപുരം: മീഡിയസിറ്റിയുടെ മാദ്ധ്യമ, നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാദ്ധ്യമ വിഭാഗത്തിൽ ജനം ടിവിക്ക് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർ, ക്യാമറാമാൻ രജിത്ത് മണിമംഗലം എന്നിവർക്കാണ് പുരസ്‌കാരങ്ങൾ.
അനിൽ നമ്പ്യാർക്ക് മാദ്ധ്യമ ശ്രേഷ്ഠ പുരസ്‌കാരവും രഞ്ജിത് മണിമംഗലത്തിന് വീഡിയോ വിഷൻ പുരസ്‌കാരവുമാണ് ലഭിച്ചത്. മികച്ച ടെലിവിഷൻ അവതാരകനുള്ള പുരസ്‌കാരം ആർ. ശ്രീകണ്ഠൻ നായർ (ഫ്‌ലവേഴ്സ്) ആണ്. ജോണി ലൂക്കോസ് (മനോരമ ന്യൂസ് ), മാർഷ്യൽ വി. സെബാസ്റ്റ്യൻ(മാതൃഭൂമി ന്യൂസ് ), ശശിശേഖർ ( മലയാള മനോരമ ), ദിനേശ് ശർമ (ദേശാഭിമാനി), ദീപക് ധർമടം (24) എന്നിവരാണ് മാദ്ധ്യമ ശ്രേഷ്ഠ പുരസ്‌കാരങ്ങൾക്ക് അർഹരായ മറ്റ് മാദ്ധ്യമപ്രവർത്തകർ.
നാടകരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരങ്ങൾ പൗളി വത്സൻ, അനശ്വര സുദേവൻ എന്നിവർക്കും നൽകും. ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്‌ക്ക് തിരുവനന്തപുരം കിഴക്കേകോട്ട കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന എ.ടി ഉമർ അനുസ്മരണ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.