ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഇതുവരം 16 പേരെ മരണം കവർന്നു. ഫ്ലോറിഡയിൽ 2.8 ദശലക്ഷം പേരാണ് ഇരുട്ടിൽ കഴിയുന്നത്. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ സ്ഥിതിയിലാണ്. കാറ്റഗറി-3ൽ പെടുന്ന ചുഴലിക്കാറ്റ് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് മിൽട്ടൺ ചുഴലിക്കാറ്റ് കരയിൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.
View this post on Instagram
മധ്യ ഫ്ലോറിഡയ്ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മിന്നൽ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. ഫ്ലോറിഡയിലും സമീപ പ്രദേശങ്ങളിലും കൊടുങ്കാറ്റിന്റെ ആഘാതം ദൃശ്യങ്ങളിൽ വ്യക്തമാണ്. ലൈറ്റുകൾ മിന്നുന്നത് പോലുള്ള ദൃശ്യം കാറ്റിന്റെ തീവ്രതയെ അടിവരയിടുന്നു. ഓരോ 30 സെക്കൻഡിലും ക്ലൗഡ് ദൃശ്യമാണ് എൻഒഎഎ നൽകുന്നത്.
വീഡിയോ ദൃശ്യത്തിലെ മണൽപ്പിരപ്പ് പോലുള്ള ഭാഗം, കൊടുങ്കാറ്റ് കടന്നുപോകുമ്പോൾ ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. തെക്കൻ ഫ്ലോറിഡയിലാണ് ഇങ്ങനെ വ്യാപകമായി ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ലൈറ്റ് ഷോ പോലുള്ള തോന്നിപ്പിക്കും വിധത്തിലാണ് വീഡിയോ. ഇത് ഭൂമിയിൽ അനുഭവപ്പെടുന്ന തീവ്രമായ കാലാവസ്ഥയെ അടിവരയിടുന്നു.
ഇന്നലെ രാത്രിയോടെ മിൽട്ടൺ സെൻട്രൽ ഫ്ലോറിഡയിലേക്ക് നീങ്ങി. 120 മൈൽ വരെ വേഗതയിലാണ് മിൽട്ടൺ കരയിലേക്ക് അടിച്ചുകയറിയത്. കാറ്റഗറി-3-ൽ നിന്ന് ഒന്നിലേക്ക് മാറിയെങ്കിലും, ശക്തി കുറഞ്ഞെങ്കിലും ഉൾപ്രദേശങ്ങളിൽ ഗുരുതര നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല പ്രദേശങ്ങളെയും നാമവശേഷമാക്കിയാണ് മിൽട്ടൺ സഞ്ചരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകരും എമർജൻസി മാനേജ്മെൻ്റ് ഉദ്യോഗസ്ഥരും മിൽട്ടനെ സസൂക്ഷ്മം നിരീക്ഷിച്ച് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.