ഇന്ത്യൻ വ്യവസായ രംഗത്തെ ഇതിഹാസം എന്നതിനപ്പുറം ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. നായ്‌ക്കളോടുള്ള അഗാധമായ അനുകമ്പയും എക്കാലവും ലോകത്തെ ഞെട്ടിച്ചു. അദ്ദേഹം നൽകിയ സ്നേഹത്തിനും കരുതലിനും നന്ദി പറയാനായി മുംബൈയിലെ സെൻ്റർ ഫോർ ദ പെർഫോമിംഗ് ആർട്സിൽ (എൻസിപിഐ) ഒരാളെത്തി.. ‘ഗോവ’- രത്തൻ ടാറ്റയുടെ അരുമയായ നായ.
എൻസിപിഎയിൽ ടാറ്റയുടെ മൃതദേഹത്തിനരികെ ഗോവയെ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈബറിടത്ത് പ്രചരിക്കുന്നുണ്ട്. . കൂടെയുള്ളവർ ‘ഗോവ’യെ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. തെരുവുനായകളെ സംരക്ഷിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി അദ്ദേഹം പരിശ്രമിച്ചു. പരിക്ക് പറ്റി കഴിയുന്ന നായകളെ എടുത്തുകൊണ്ടുവന്ന് പരിപാലിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ പ്രിയ വളർത്തുനായയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്റെ ഓഫിസ് കമ്പാനിയൻ എന്നാണ് അദ്ദേഹം ‘ഗോവ’യെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
#WATCH | Visuals of Ratan Tata’s dog, Goa outside NCPA lawns, in Mumbai where the mortal remains of Ratan Tata were kept for the public to pay their last respects. pic.twitter.com/eVpxssjpLa
— ANI (@ANI) October 10, 2024
രത്തൻ ടാറ്റ നായക്കുട്ടിക്ക് ഗോവ എന്ന് പേരിട്ടതിന് പിന്നിലുമൊരു കഥയുണ്ട്. 11 വർഷങ്ങൾക്ക് മുൻപ് ഗോവയിലെ നഗരത്തിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിനൊപ്പമൊരു നായയും നടക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് അവൻ ടാറ്റയ്‌ക്കൊപ്പം കൂടി. പിന്നാലെ അവനെ മുംബൈയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. അന്നുമുതൽ അവൻ ’ഗോവ’ ആയി. മറ്റ് നായ്‌ക്കൾക്കൊപ്പം മുംബൈയിലെ ബോംബെ ഹൗസിലാണ് ഗോവയുടെ താമസം. ടാറ്റാ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന ചരിത്രപരമായ കെട്ടിടമാണ് ബോംബെ ഹൗസ്.
അദ്ദേഹത്തിന്റെ നായപ്രേമത്തിൽ ബ്രിട്ടീഷ് രാജകുടുംബം വരെ അത്ഭുതംകൂറിയിട്ടുണ്ട്. ഒരിക്കൽ ബക്കിംഗ്ഹാം കൊട്ടരത്തിൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് വാങ്ങേണ്ടിയിരുന്ന രത്തൻ ടാറ്റ തന്റെ നായയ്‌ക്ക് വയ്യാത്തതിനെ തുടർന്ന് യാത്ര മാറ്റിവച്ചിരുന്നു. ചാൾസ് മൂന്നാമൻ രത്തൻ ടാറ്റയുടെ ഈ തീരുമാനം അതിശയിപ്പിച്ചു. മൃഗങ്ങൾക്കായി മുംബൈ നഗരത്തിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മുംബൈയിലെ സ്മോൾ അനിമൽ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ ആകെ തുകയാണ് മൃഗാശുപത്രിയെന്ന് പറയാം. മൃഗങ്ങൾക്ക് മികച്ച പരിചരണം നൽകാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള രത്തൻ ടാറ്റയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
അഞ്ച് നില കെട്ടിടത്തിൽ 200-ഓളം മൃഗങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന ആശുപത്രിയാണ് ജൂലൈയിൽ തുറന്നത്. 2017-ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ നവി മുംബൈയിൽ ആശുപത്രി സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അവിടേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന് കരുതി ടാറ്റ ആശുപത്രി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.