കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധം നടത്തുന്നവരേയും അവർ ഉന്നയിക്കുന്ന വിഷയങ്ങളും അടിയന്തരമായി പരിഗണിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഏഴ് ഡോക്ടർമാരാണ് നിരാഹാര സമരം നടത്തുന്നത്.
തൃണമൂൽ സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജൂനിയർ ഡോക്ടർമാർ സമരം താത്കാലികമായി നിർത്തിവച്ചിരുന്നു. സുരക്ഷിതമായ ജോലിസാഹചര്യം ഒരുക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ 10 ദിവസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർനീക്കങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇവർ വീണ്ടും ഒരാഴ്ച മുൻപ് സമരം പുന:രാരംഭിക്കുകയായിരുന്നു.
ന്യായമായ ആവശ്യങ്ങൾ മാത്രമാണ് പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ മുന്നോട്ട് വയ്‌ക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാണിക്കുന്നു. ” ഡോക്ടർമാർ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാൻ ബംഗാൾ സർക്കാരിന് കഴിയും. സമാധാനപരവും സുരക്ഷിതത്വവുമുള്ള തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ജൂനിയർ ഡോക്ടർമാർ മുന്നോട്ട് വഹിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുകയാണ്.
ഡോക്ടർമാരുടെ ജീവന് സംരക്ഷണം ഒരുക്കാൻ സർക്കാരിന് കഴിയും, ഐഎംഎയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും സഹായം വേണമെങ്കിൽ അതും ചെയ്ത് നൽകാൻ തയ്യാറാൻ. സുരക്ഷ എന്നത് ഒരിക്കലും ആഡംബരമല്ലെന്നും” കത്തിൽ പറയുന്നു. അതേസമയം നിരാഹാര സമരം നടത്തി വരികയായിരുന്ന അനികേത് മഹോദയ എന്ന ഡോക്ടറുടെ ആരോഗ്യനില വഷളായതിന് പിന്നാലെ ഇദ്ദേഹത്തെ ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആർജി കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.