ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയറ്റ്‌നാമിൽ നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്തോ-പസഫിക് മേഖലയിലെ ചട്ടങ്ങളെ കുറിച്ച് എടുത്ത് പറഞ്ഞ അദ്ദേഹം, മേഖലയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനെ കുറിച്ചും സംസാരിച്ചു.
” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓരോ സംഘർഷങ്ങളും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂറോപ്പിലും, പശ്ചിമേഷ്യയിലുമെല്ലാം സ്ഥിരതയും സമാധാനവുമെല്ലാം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. ഗൗതമബുദ്ധന്റെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ഇത് ഒരിക്കലും യുദ്ധത്തിന്റെ കാലമല്ലെന്ന് ഞാൻ എപ്പോഴും ആവർത്തിച്ച് പറയാറുണ്ട്. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഒരു പോരാട്ടത്തിലൂടെ ലഭിക്കില്ല. ഓരോ രാജ്യങ്ങളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തേയും, അന്താരാഷ്‌ട്ര നിയമങ്ങളേയും ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ട് പോകണം.
നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങളിലൂടെയും മാനുഷിക പരിഗണനകൾ നൽകിയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം, സമാധാനം പുന:സ്ഥാപിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്തോ-പസഫിക് മുഴുവൻ മേഖലയുടേയും പുരോഗതിക്ക് ആവശ്യമാണ്. ലോകത്തിനാകെ ഭീഷണിയാണ് തീവ്രവാദമെന്ന വിപത്ത്. ആഗോള സമാധാനത്തേയും സുരക്ഷയേയും ഭീകരർ വെല്ലുവിളിക്കുന്നത്.
മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരും തീവ്രവാദമെന്ന വിപത്തിനെ നേരിടാനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സൈബർ സുരക്ഷ, ബഹിരാകാശം, സമുദ്രം തുടങ്ങീ എല്ലാ മേഖലകളിലും പരസ്പര സഹകരണം ശക്തിപ്പെടുത്തണമെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇവിടെയെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. യുഎസിൽ വീശിയടിച്ച മിൽട്ടൺ ചുഴലിക്കാട്ടിൽ 14 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ആന്റണി ബ്ലിങ്കനെ അനുശോചനം അറിയിച്ചു.















