തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം മുക്കിയ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സി വേണുഗോപാലിനെതിരെ ഗൗരവതരമായ ഒരു ആരോപണം ഉയർന്നിട്ടും ചില മാദ്ധ്യമങ്ങൾ അതറിഞ്ഞ ഭാവം പോലും നടിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ അതീവ ഗൗരവതരമായ ഒരാരോപണം സ്വന്തം പാർട്ടി നേതാവ് തന്നെ ഉന്നയിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും മലയാള മാദ്ധ്യമങ്ങളൊന്നും തന്നെ അതറിഞ്ഞ ഭാവം നടിക്കുന്നില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് വലിയ ബഹളം വക്കുകയും നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കളെല്ലാം മഹാമൗനത്തിലുമാണ്. അന്തിചർച്ച പോയിട്ട് ഒരു വരി വാർത്ത പോലുമില്ല. ടെലിവിഷൻ റൂമുകളിലെ സദാചാര ജഡ്ജിമാർ കോൺഗ്രസ് നേതാവിന്റെ കാര്യമായത് കൊണ്ടാവും ഒട്ടകപ്പക്ഷി നയമെടുക്കുന്നത്”- കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
മുതിർന്ന മാദ്ധ്യമപ്രവർത്തകനും കോൺഗ്രസ് നേതാവുമായ അശോക് വാംഖഡെയാണ് കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ കാസ്റ്റിംഗ് കൗച്ച് ആരോപണം ഉയർത്തിയത്. ഹരിയാനയിൽ വേണുഗോപാലിന് താത്പര്യമുള്ള വനിതയ്‌ക്ക് സീറ്റ് നൽകിയെന്നും പാർട്ടി എതിർത്തിട്ടും സ്വന്തം ഇഷ്ടപ്രകാരം വനിതാ നേതാവിന് സീറ്റ് നൽകാൻ നിർബന്ധം പിടിച്ചുവെന്നുമാണ് അശോക് വാംഖഡെ ഓൺലൈൻ ചാനലിലെ ചർച്ചക്കിടെ വെളിപ്പെടുത്തിയത്.
ടിവി ചർച്ചകളിലും ഓൺലൈൻ ചർച്ചകളിലും കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കുകയാണ്. ഇതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കളും രംഗത്തെത്തി. കോൺഗ്രസ് മറുപടി നൽകണമെന്നും ആരോപണത്തിൽ കെ സി വേണുഗോപാൽ തന്റെ ഭാഗം വ്യക്തമാക്കണമെന്നും ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.















