പന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് ആവശ്യമായ നടപടി ക്രമങ്ങളുമായി ദേവസ്വത്തിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. അനുഭവ പരിജ്ഞാനം സംബന്ധിച്ച് തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ഇനിയൊരുത്തരവ് ഉണ്ടാകും വരെയാണ് അനുമതി. എന്നാൽ തർക്കമുള്ള പേരുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തേണ്ടത് ഹൈക്കോടതി ഉത്തരവോടെ മാത്രമായിക്കണമെന്നും കോടതി നിർദേശിച്ചു.
ഈ മാസം 17-നാണ് ശബരിമല, മാളികപ്പുറം നറുക്കെടുപ്പ്. ശബരിമല മേൽശാന്തിയെ ഋഷികേശ് വർമ്മയും, മാളികപ്പുറം മേൽശാന്തിയെ വൈഷ്ണവിയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ്. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ- പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്‌ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് ഇരുവരും യാത്ര തിരിക്കും.















