രാജ്യമെങ്ങും ദുർഗാഷ്ടമി ആഘോഷത്തിന്റെ തിരക്കിലാണ്. ദുർഗാപൂജയോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ അതിമനോഹരമായ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. ദുർഗാപൂജാ പന്തലിലെത്തി ദേവിയുടെ രൂപത്തിനരികിൽ നിന്ന് ഏവരും ചിത്രങ്ങൾ പകർത്തുന്നതും ഇതിന്റെ ഭാഗമാണ്. അത്തരത്തിൽ പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ വിമർശനപ്പെരുമഴ നേരിടുന്നത്.
മോഡലുകളായ ഹിമോശ്രീ ഭദ്ര, സന്നാതി മിത്ര എന്നിവരും ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയും ചേർന്ന് ദുർഗാപൂജാ പന്തലിൽ വച്ച് പകർത്തിയ ഫോട്ടോയാണ് വിവാദത്തിനാധാരം. ഭദ്രയും മിത്രയും ‘മിസ്. കൊൽക്കത്ത’ പട്ടം നേടിയവരാണ്. ഗ്ലാമറസ് വേഷം ധരിച്ച് പന്തലിൽ എത്തി ഫോട്ടോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതാണ് യുവതികൾക്കെതിരെ വിമർശനമുയരാൻ കാരണമായത്.
പബ്ബിൽ പോകുമ്പോഴും നിശാപാർട്ടികളിൽ പങ്കെടുക്കുമ്പോഴും ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഭക്തിനിർഭരമായ സ്ഥലത്ത് വരികയും അതിന്റെ ചിത്രമെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാകാൻ ശ്രമിക്കുന്നതും വിവേകശൂന്യമായ നടപടിയാണെന്നാണ് വിമർശകരുടെ ആക്ഷേപം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സന്ദർഭോചിതമല്ലാത്ത വസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നാണ് ചിലർ പ്രതികരിക്കുന്നത്. സമയവും സന്ദർഭവും നോക്കി വസ്ത്രം ധരിക്കാതിരിക്കുന്നത് സ്ത്രീശാക്തീകരണമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും മോഡലുകളുടെ ചിത്രം പങ്കുവച്ച് എക്സിൽ ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു.
View this post on Instagram
ജനശ്രദ്ധ കിട്ടാനും വൈറലാകാനും ഇത്തരം കാട്ടിക്കൂട്ടലുകൾ നടത്തുന്നത് അപമാനകരമാണെന്ന് ആക്ടിവിസ്റ്റ് ദീപിക ഭരധ്വാജ് പ്രതികരിച്ചു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാനുള്ള തരംതാഴ്ന്ന നീക്കമെന്നാണ് സന്നാതി മിത്രയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ദൈവികതയുടെ സാന്നിധ്യത്തിൽ പാരമ്പര്യത്തെയും ആധുനികതയേയും ഉൾക്കൊള്ളുകയാണ് താൻ ചെയ്യുന്നതെന്നാണ് വിവാദചിത്രം പങ്കുവച്ച് സന്നതി മിത്ര എഴുതിയ കുറിപ്പ്.















