ചെന്നൈ: തമിഴ്നാട്ടിൽ സൈബർ തട്ടിപ്പ് കേസുകൾ വർദ്ധിക്കുന്നതായി സൈബർ ക്രൈം പൊലീസ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള പരാതികൾ പരിശോധിക്കുമ്പോൾ 1,116 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഭയാനകമായ കണക്കുകളാണ് പുറത്തുവന്നതെന്നും ഇതിൽ 526 കോടി രൂപ പ്രതികളിൽ നിന്ന് പിടിച്ചെടുക്കാൻ സാധിച്ചെന്നും സൈബർ ക്രൈം പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 91,161 സൈബർ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ കെവൈസി തട്ടിപ്പും ഡിജിറ്റൽ തട്ടിപ്പുമാണ് അധികവും രേഖപ്പെടുത്തുന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന തട്ടിപ്പുകളാണെങ്കിൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടാണെന്നും അതിനാൽ സംഭവം നടക്കുന്ന സമയത്ത് തന്നെ പൊലീസിൽ അറിയിക്കാൻ പരാതിക്കാർ ശ്രമിക്കണമെന്നും സൈബർ ക്രൈം പൊലീസ് അറിയിച്ചു.
തട്ടിപ്പ് നടന്ന് ദിവസങ്ങൾ പിന്നിടുകയാണെങ്കിൽ പ്രതികൾ രാജ്യം വിടാനുള്ള സാധ്യത ഏറെയാണ്. കൂടാതെ തെളിവുകൾ നശിപ്പിക്കാൻ എളുപ്പമാണെന്നും പൊലീസ് പറയുന്നുണ്ട്. നേരിട്ട് പരാതി നൽകാൻ കഴിയാത്തവർക്കായി ഒരു സൈബർ ക്രൈം പോർട്ടൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. http://www.cybercrime.gov.in എന്ന വെബ്സൈറ്റിലൂടെയോ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ പരാതി അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി.