സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ മാപ്പ് പറഞ്ഞ് പേടിഎം സിഇഒ വിജയ് ശേഖർ ശർമ. രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് അനുശോചന കുറിപ്പ് പങ്കുവയ്‌ക്കുന്നതിനിടെ അനുചിതമായ വാക്കുകൾ ഉപയോഗിച്ചതായിരുന്നു വിവാദമായത്. സംഭവം വലിയ ചർച്ചയായതോടെ പേടിഎം മേധാവി ഉടൻ തന്നെ ഖേദം പ്രകടിപ്പിച്ചു. മിസ്റ്റർ രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറിപ്പ് ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്ന് വിജയ് ശേഖർ ശർമ അറിയിച്ചു.
രത്തൻ ടാറ്റയുടെ വേർപാട് ഈ രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്, അതിൽ അങ്ങേയറ്റം വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രത്നമാണ് ടാറ്റ, അദ്ദേഹം എന്നെന്നും ഇന്ത്യയുടെ ലെജൻഡായിരിക്കുമെന്നും പേടിഎം മേധാവി കൂട്ടിച്ചേർത്തു.
രത്തൻ ടാറ്റയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ ‘ഓകെ ടാറ്റ ബൈ ബൈ’ എന്ന് പേടിഎം മേധാവി സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. എല്ലാ തലമുറകൾക്കും പ്രചോദനമാകുന്ന ലെജൻഡ്, അടുത്ത തലമുറ സംരംഭകർക്ക് അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യും. ഇന്ത്യയിലെ ഏറ്റവും വിനയാന്വിതനായ വ്യാപാരിയുമായി ഇടപഴകാൻ ഇനി കഴിയില്ല. സല്യൂട്ട് സർ, ഓകെ ടാറ്റ ബൈ ബൈ.. – ഇതായിരുന്നു വിജയ് ശേഖർ ശർമയുടെ ആദ്യ പോസ്റ്റ്. വിവാദമായതോടെ ഈ കുറിപ്പ് അദ്ദേഹം ഡിലീറ്റ് ചെയ്തു.