ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം മാർക്കോയുടെ ടീസർ ഉടനെത്തും. വരുന്ന 13-ന് ടീസർ എത്തുമെന്നാണ് ഉണ്ണി മുകുന്ദൻ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്.
ടീസർ വാർത്തയ്‌ക്ക് പിന്നാലെ കമൻ്റ് ബോക്സിൽ ഉണ്ണി മുകുന്ദന് ആശംസാപ്രവാഹമായിരുന്നു. ഉണ്ണി മുകുന്ദന് ഒരു പൊൻതൂവലാകും മാർക്കോയെന്നും ആകാംക്ഷയാേടെയാണ് കാത്തിരിക്കുന്നതെന്നും ആരാധകർ അഭിപ്രായങ്ങൾ പങ്കുവച്ചു. ഉണ്ണി മുകുന്ദന്റെ കരിയറിന്റെ ടേണിംഗ് പോയിന്റാകട്ടെ ഈ സിനിമയെന്നും ചിലർ ആശംസിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകൾ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ടെന്നും ചിലർ പറഞ്ഞു.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ തന്നെ വിശേഷിപ്പിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.