ഗാങ്‌ടോക്ക്: വിശ്വസനീയവും പ്രചോദനാത്മകവുമായ സൈന്യമാണ് ഭാരതത്തിന്റേതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനും, അതിർത്തി സംരക്ഷിക്കുന്നതിനും, ആവശ്യമായ സമയങ്ങളിൽ സിവിൽ അഡ്മിനിസ്‌ട്രേഷനെ സഹായിക്കുന്നതിനും സൈന്യം പ്രധാന പങ്കുവഹിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആർമി കമാൻഡേഴ്‌സ് കോൺഫറൻസിനെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സൈന്യം അഹോരാത്രം പ്രവർത്തിക്കുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനും നമ്മുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത് സൈന്യത്തിന്റെ കരുത്തേറിയ കൈകളണ്. പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ ശക്തി പകരാൻ വരും വർഷങ്ങളിലും സൈന്യത്തിന് സാധിക്കട്ടെ”.- രാജ്‌നാഥ് സിംഗ് പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിൽ സൈന്യം നടത്തുന്ന ശ്രമങ്ങളെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. യുദ്ധങ്ങൾ നടക്കുമ്പോൾ നിലവിലെ സാഹചര്യങ്ങളും ചരിത്രങ്ങളും വിലയിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കൻ അതിർത്തികളിലെ ഏത് സാഹചര്യങ്ങളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും രാജ്‌നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജമ്മുകശ്മീരിൽ സമാധാനം നിലനിർത്തുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി പ്രവർത്തിക്കുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ തടയിടാൻ സൈന്യം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച ജവാൻമാരെയും ഈ അവസരത്തിൽ സ്മരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.















