കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രതിഷേധ സമരം സ്വാർത്ഥ താത്പര്യങ്ങൾക്കല്ലെന്ന് മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). എല്ലാ ഡോക്ടർമാർക്കും വേണ്ടിയാണ് അവർ ശബ്ദമുയർത്തുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അഴിമതികൾ പുറത്തുകൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്നും മെഡിക്കൽ അസോസിയേഷൻ ചീഫ് ആർ വി അശോകൻ പറഞ്ഞു.
‘ജൂനിയർ ഡോക്ടർമാർ അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. ജോലി സ്ഥലത്തെ സുരക്ഷിതമല്ലാത്ത സാഹചര്യത്തെയാണ് അവർ പ്രശ്‌നമായി ഉയർത്തിക്കാട്ടുന്നത്. അതിനെതിരെയാണ് അവർ സംസാരിച്ചുകൊണ്ടിരിക്കുന്നത്’.
മെഡിക്കൽ കമ്മീഷൻ എന്നും അവരോടൊപ്പമുണ്ട്. എന്നാൽ നിരാഹാര സമരത്തിൽ നിന്നും ഡോക്ടർമാർ പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിരാഹാര സമരമിരിക്കുന്ന ഏഴ് ഡോക്ടർമാരിൽ ഒരാൾക്ക് ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുവെന്നാണ് വിവരം.















