മുംബൈ: അടൽ സേതുവിന് ശേഷം രാജ്യമുറ്റുനോക്കുന്ന പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ര വിമാനത്താവള പദ്ധതി. നിർമാണം പുരോഗമിക്കുന്ന വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സി-295 വിമാനം വിജയകരമായി ലാൻഡ് ചെയ്തതോടെ ചരിത്രം പിറവിയെടുത്തു. വരുന്ന വർഷം മാർച്ചിൽ വിമാനത്താവളത്തിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വ്യാേമസേന വിമാനം രൺവേ തൊട്ടത്.
3,700 മീറ്റർ നീളമുള്ള തെക്കൻ റൺവേയിലാണ് വിമാനം ഇറങ്ങിയത്. ജല സല്യൂട്ട് ചെയ്താണ് വിമാനത്തെ സ്വീകരിച്ചത്. പിന്നാലെ സുഖോയ് SU-30 യുദ്ധവിമാനം പറന്നുയർന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര സഹമന്ത്രി മുരളീധർ മൊഹോൾ, എംപിമാർ, എംഎൽഎമാർ, സിഡ്‌കോ ചെയർമാൻ സഞ്ജയ് ഷിർസാത്ത്, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് സിംഗാളും മറ്റ് നിരവധി പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
നവി മുംബൈയ്‌ക്ക് മാത്രമല്ല മഹാരാഷ്‌ട്രയ്‌ക്കും ഇത് ചരിത്രപരമായ ദിനമാമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞത്. നവരാത്രിയുടെയും ദസറയുടെയും അവസരത്തിൽ ലാൻഡിംഗ് നടത്താനായത് മഹാഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















