നാഗ്പൂർ: വിജയദശമി ദിനത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ‘ശസ്ത്ര പൂജ’ നടത്തി സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണനാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപക ദിനം കൂടിയാണ് ഇന്ന്. ആർഎസ്എസ് വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ഡോ കെ രാധാകൃഷ്ണൻ പറഞ്ഞു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ ശിവൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി, എച്ച്‌സിഎൽ മേധാവി ശിവ് നാടാർ, നെബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി, ശങ്കർ മഹാദേവൻ തുടങ്ങിയവർ മുൻ വർഷങ്ങളിൽ വിജയദശമി ദിനത്തിലെ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ വലിയ ആഘോഷമായാണ് വിജയദശമി കൊണ്ടാടുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് നിരവധി കഥകളും പുരാണങ്ങളും വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ആഘോഷ രീതികളിലും ചടങ്ങുകളിലുമെല്ലാം വലിയ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയ ദിനമെന്നാണ് വിജയദശമിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രചാരമുള്ള ഐതീഹ്യം. വിജയദശമി കഴിഞ്ഞ് 20 നാളുകൾക്ക് ശേഷം ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.















