ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായ രണ്ടാം വാരവും 700 ബില്യൺ ഡോളറിന് മുകളിലാണെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ പ്രതിവാര ബുള്ളറ്റിൻ പ്രകാരം, ഒക്ടോബർ നാല് വരെ ഇന്ത്യയുടെ കരുതൽ ശേഖരം 701.18 ബില്യൺ ഡോളറാണ്. മുൻ ആഴ്ചയെ അപേക്ഷിച്ച് 3.71 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായങ്കിലും 70,000 കോടിക്ക് മുകളിൽ തന്നെയാണ് ഭാരതത്തിന്റെ കരുതൽ ശേഖരം.
കരുതൽ ശേഖരം 700 ബില്യൺ ഡോളർ പിന്നിടുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഈ സാമ്പത്തിക വർഷം ആദ്യത്തെ ഏഴ് ആഴ്ചകളിൽ വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 35 ബില്യൺ ഡോളറിന്റെ ഉയർച്ചയാണ് കൈവരിച്ചത്. വിദേശ കറൻസി ആസ്തികൾ (എഫ്സിഎ) 3.51 ബില്യൺ ഡോളർ കുറഞ്ഞ് 612.6 ബില്യൺ ഡോളറിലെത്തി. സ്വർണശേഖരം 40 മില്യൺ ഡോളർ കുറഞ്ഞ് 65.76 ബില്യൺ ഡോളറിലെത്തി.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്ത്യയുടെ കരുതൽ ശേഖരത്തെയും ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും നിക്ഷേപകരുടെ ആത്മവിശ്വാസം മാറ്റമില്ലാതെ തുടരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം 30 ബില്യൺ ഡോളർ കവിഞ്ഞു. ഇനിയും ഇന്ത്യയുടെ കരുതൽ ശേഖരം വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. 2013 മുതൽ ഭാരതം കരുതൽശേഖരം ക്രമാതീതമായി ഉയർത്തി കൊണ്ടുവന്നിരുന്നു. സെപ്റ്റംബർ 27-ന് അവസാനിച്ച ആഴ്ചയിയലാണ് രാജ്യം നാഴികക്കല്ല് പിന്നിട്ടത്. ഡോളർ, പൗണ്ട്, യൂറോ, ജാപ്പനീസ് യെൻ തുടങ്ങിയ പ്രധാന വിദേശ കറൻസികളും സ്വർണവും അടങ്ങുന്നതാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം. പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകാനാണ് രാജ്യം ഇത്തരത്തിലൊരു കരുതൽശേഖരം സൂക്ഷിക്കുന്നത്.