മലപ്പുറം: പത്ത് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്‌ക്കാൻ നോട്ടീസ്. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലിൽ മൂസ ഹാജിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വാഹനത്തിനെ കുറിച്ച് മറ്റുവിവരങ്ങളൊന്നും തന്നെ ലഭ്യമല്ലെന്നും മൂസ ഹാജി പറയുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടയ്‌ക്കൽ പറമ്പിലങ്ങാടിയിലുള്ള ആർടിഒ ഓഫീസിൽ നിന്ന് തപാൽ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. സെപ്റ്റംബർ 29-ന് കോഴിക്കോട് നടക്കാവിൽ വച്ച് KL10 AL1858 എന്ന വാഹനത്തിൽ സീറ്റ് ബെറ്റില്ലാതെ സഞ്ചരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് 500 രൂപ പിഴയടയ്‌ക്കാനാണ് നോട്ടീസിൽ പറയുന്നത്. ക്യാമറയിൽ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. തന്റെയോ ഭാര്യയുടെയോ പേരിൽ വാഹനം വാങ്ങുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് മൂസ ഹാജി പറയുന്നത്.
ഇന്റർനെറ്റിലും മറ്റും നമ്പർ വച്ച് വാഹനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ വളാഞ്ചേരി പൊലീസിനും മലപ്പുറം ആർടിഒയ്‌ക്കും മൂസ ഹാജി പരാതി നൽകിയിട്ടുണ്ട്. ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പടെയാണ് വയോധികൻ പരാതി നൽകിയിരിക്കുന്നത്.