വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ജിയോ പുറത്തിറക്കിയ ജിയോബുക്ക് ലാപ്ടോപ്പിന് വില കുറച്ചു. 16,999 രൂപയായിരുന്നു വിപണിയിൽ അവതരിപ്പിച്ച സമയത്തെ വില. എന്നാൽ ഇപ്പോൾ ഇത് 12,890 രൂപയ്‌ക്ക് സ്വന്തമാക്കാം. ഡിസ്കൗണ്ടോ മറ്റ് ഓഫറുകളോ ഇല്ലാതെ തന്നെയാണ് ഈ വിലയിൽ ലാപ്ടോപ്പ് ലഭ്യമാക്കിയിരിക്കുന്നത്. റിലയൻസ് ഡിജിറ്റൽ, ആമസോൺ വഴി ലാപ്ടോപ്പ് വാങ്ങാം.
4 ജിബി എൻപിഡിഡിആർ 4 റാമുമായാണ് ജിയോബുക്ക് വരുന്നത്. ഒക്ടാ കോർ പ്രോസസറാണുള്ളത്. മൾട്ടി ടാസ്കിംഗും കാര്യക്ഷമമായ പെർഫോമൻസും നൽകാൻ ജിയോബുക്കിന് സാധിക്കുന്നു. 64 ജിബി സ്റ്റേറേജാണ് ഇതിനുള്ളത്. 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ഇൻ-ബിൽറ്റ് യുഎസ്ബി, എച്ച്ഡിഎംഐ പോർട്ടുകളുമുണ്ട്. എക്സ്റ്റേണൽ ഡിവൈസുകളും മറ്റും കണക്ട് ചെയ്യാനാകും. 990 ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത്.
ജിയോയുടെ തന്നെ ജിയോഒഎസ് ( JioOS ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നിവയെ പിന്തുണയ്‌ക്കുന്നു. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും ജിയോബുക്കിന്റെ പ്രത്യേകതകളാണ്. വീഡിയോ കോളിനായി ഇൻ-ബിൽറ്റ് വെബ്ക്യാമറയും സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. ബ്രൗസിംഗ്, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്‌ക്കായി കുറഞ്ഞ നിരക്കിൽ ലാപ്ടോപ്പ് ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപയോക്താക്കൾക്ക് ജിയോബുക്ക് മികച്ച ഓപ്ഷനാണ്.