തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ സിനിമാ താരങ്ങൾ പങ്കെടുത്തതിൽ തെളിവുകളില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ മാത്രമേ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയെയും മൊഴിയെടുക്കാൻ ഇനി വരുത്തൂവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. മറ്റ് സിനിമാ താരങ്ങൾ പാർട്ടിയിൽ വന്നതായി കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ മാർട്ടിനെയും, ശ്രീനാഥ് ഭാസിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇരുവരും പാർട്ടിയിൽ പങ്കെടുത്തില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും മൊഴിയും നൽകി. ഇയാളുടെ മുറിയിലെത്തിയ മറ്റ് ആളുകളുടെ മൊഴികളും രേഖപ്പെടുത്താനുണ്ട്. ഇവർ നൽകുന്ന മൊഴികളും താരങ്ങൾ നൽകിയ മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഇതനുസരിച്ചാകും താരങ്ങൾക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുകയെന്നും പൊലീസ് പറഞ്ഞു.
ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ഓം പ്രകാശും ഇയാളുടെ സഹായി ഷിഹാസും പിടിയിലായിരുന്നു. ഹോട്ടലിൽ വച്ച് ഓം പ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരത്തെ തുടർന്നാണ് ശ്രീനാഥ് ഭാസിയെയും, പ്രയാഗ മാർട്ടിനെയും പൊലീസ് ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കാൻ രക്തപരിശോധനയ്‌ക്ക് തയ്യാറാണെന്നും ഇരുവരും പൊലീസിനെ അറിയിച്ചിരുന്നു.















