ഹിന്ദി, തെലുങ്ക് സിനിമകളിലെ സാന്നിധ്യമാണ് ദിവ്യ ഖോസ്ല കുമാർ. സംവിധായിക കൂടിയായ ഈ അഭിനേത്രി ഇപ്പോൾ ആലിയാ ഭട്ടിനെതിരെ വിമർശനമുന്നയിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ ആലിയ, പ്രധാന കഥാപാത്രമായെത്തിയ ‘ജിഗ്ര’ എന്ന സിനിമയുടെ റിലീസ് ഒക്ടോബർ 11-നായിരുന്നു. എന്നാൽ ജിഗ്ര കാണാൻ ഒരു പൂച്ചക്കുഞ്ഞ് പോലും തീയേറ്ററിലേക്ക് കയറുന്നില്ലെന്നാണ് ദിവ്യയുടെ വിമർശനം. ആളൊഴിഞ്ഞ തീയേറ്ററിന്റെ ചിത്രം പങ്കുവച്ചാണ് ഇവർ ആലിയക്കെതിരെ തിരിഞ്ഞത്.
“സിറ്റി മാൾ പിവിആറിലേക്ക് ജിഗ്ര കാണാൻ പോയി, തീയേറ്റർ കാലിയായിരുന്നു. ജിഗ്ര കളിക്കുന്ന എല്ലാ തീയേറ്ററുകളിലെയും അവസ്ഥ ഇതുതന്നെ!”- എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.

വ്യാജ കളക്ഷൻ റിപ്പോർട്ട് കാണിക്കുന്നതിന് വേണ്ടി എല്ലാ ടിക്കറ്റുകളും ആലിയ തന്നെ വാങ്ങിയിരിക്കുകയാണെന്നും ദിവ്യ ആരോപിച്ചു. ആലിയയുടെ പണം വാങ്ങിയ മാദ്ധ്യമങ്ങൾ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം 4.25 കോടി കളക്ഷൻ ഇന്ത്യയിൽ നിന്ന് ജിഗ്ര നേടിയെന്നാണ് റിപ്പോർട്ട്. സിനിമയുടെ തെലുങ്ക് പതിപ്പ് അഞ്ച് ലക്ഷം രൂപയും നേടി.
വാസൻ ബാല സംവിധാനം ചെയ്ത ജിഗ്ര, സഹോദരി-സഹോദര ബന്ധമാണ് സംസാരിക്കുന്നത്. ചിത്രത്തിൽ ആലിയയുടെ സഹോദരനായി വേദാംഗ് റെയ്ന അഭിനയിക്കുന്നു. വിദേശരാജ്യത്ത് ജയിലിലടയ്‌ക്കപ്പെട്ട സഹോദരനെ രക്ഷിക്കാൻ സഹോദരി നടത്തുന്ന കഠിനപ്രയത്നമാണ് ജിഗ്രയിൽ ചിത്രീകരിച്ചിരിക്കുന്നത്.















