ഹൈദരാബാദിലെ മൂന്നാം ടി20യിൽ ബംഗ്ലാദേശ് ബൗളർമാരുടെ പരിപ്പെടുത്ത് ഇന്ത്യൻ ബാറ്റർമാർ കുറിച്ചത് അന്താരാഷ്‌ട്ര ടി20യിലെ നീലപ്പടയുടെ ഏറ്റവും ഉയർന്ന ടോട്ടൽ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ കുറിച്ചത്. സഞ്ജു തുടങ്ങിയ ആക്രമണം ക്യാപ്റ്റൻ സൂര്യകുമാർ യാദവും പിന്നീടെത്തിയ ഹാർദിക്കും പരാഗും നയിക്കുന്നതാണ് കണ്ടെത്. ആറു ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും അവരെല്ലാം തല്ലുവാങ്ങിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പവർ പ്ലേയിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും 70 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 173 റൺസാണ്.
തസ്കിൻ അഹമ്മദിനെ ഓരോവറിൽ നാല് ബൗണ്ടറിയടിച്ചാണ് സഞ്ജു വേട്ടയ്‌ക്ക് തുടക്കമിട്ടത്. താളം കണ്ടെത്തിയതോടെ ഗ്രൗണ്ടിന് നാല് പാടും ബൗണ്ടറികളും സിക്സും ചിതറി. 40 പന്തിലാണ് താരം സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയായിരുന്നു നേട്ടം. 47 പന്തിൽ 111 റൺസ് നേടിയാണ് താരം പുറത്തായത്. അഭിഷേക് ശർമ(4) നിറം മങ്ങിയതൊഴിച്ചാൽ വന്നവരും നിന്നവരുമെല്ലാം ബാംഗ്ലാദേശ് ബൗളർമാരെ കണക്കിന് തല്ലി. അഞ്ച് പടുകൂറ്റൻ സിക്സും 8 ഫോറുമടക്കം 35 പന്തിൽ നിന്ന് സൂര്യകുമാർ നേടിയത് 75 റൺസാണ്.
4 കൂറ്റൻ സിക്സർ പറത്തി കാമിയോ റോളിലെത്തിയ പരാഗും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായി. 13 പന്തിൽ 34 റൺസാണ് അദ്ദേഹം നേടിയത്. നാലുവീതം ബൗണ്ടറിയും സിക്സറും പറത്തിയ ഹാർദിക് 18 പന്തിൽ 47 റൺസാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് നിരയിൽ മൂന്ന് ബൗളർമാർ അർദ്ധസെഞ്ചുറി തികച്ചു. തൻസിം ഹസന് മൂന്ന് വിക്കറ്റ് ലഭിച്ചു. തസ്കിൻ അഹമ്മദിനും മുസ്താഫിസൂറിനും മഹ്‌മൂദുള്ളയ്‌ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.