തിരുവനന്തപുരം: കോഴിഫാമിൽ വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശിയായ വത്സമ്മ (67) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ വേലിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
മുല്ലപ്പള്ളി കോണത്ത് പ്രവർത്തിക്കുന്ന കോഴി ഫാമിന് സമീപമായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫാമിലേക്ക് ഇഴജന്തുക്കളും തെരുവുനായകളും കയറാതിരിക്കാനായി ഫാമുടമ വൈദ്യുത വേലികൾ സ്ഥാപിച്ചിരുന്നു. ഇതറിയാതെ മൺവെട്ടികൊണ്ട് വൃത്തിയാക്കുന്നതിടെ വേലിയിൽ തട്ടുകയായിരുന്നു.
ഷോക്കേറ്റ് കിടക്കുന്ന വത്സമ്മയെ രക്ഷിക്കാനായി അടുത്തുണ്ടായിരുന്ന സരസ്വതി ശ്രമിച്ചെങ്കിലും ഇവർക്കും ഷോക്കേറ്റു. തുടർന്ന് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം വത്സമ്മയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഫാമുടമയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.















