മസാജ് പാർലറുകാരുടെ അനാസ്ഥ മൂലം നാല് വയസുകാരന് നഷ്ടപ്പെട്ടത് കാൽവിരൽ. കുട്ടിയുടെ കാൽവിരലിൽ ഫംഗസ് അണുബാധ ശ്രദ്ധയിൽപ്പെട്ട പിതാവായിരുന്നു നാല് വയസുകാരനെ മസാജ് പാർലറിൽ എത്തിച്ചത്. പാർലർ ജീവനക്കാർ കുട്ടിയുടെ കാലിൽ ഒരു ക്രീം പുരട്ടി ബാൻഡേജ് ചെയ്തത് പറഞ്ഞുവിടുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞിന്റെ വിരൽ ദ്രവിക്കാൻ തുടങ്ങി. കൂടുതൽ ഭാഗത്തേക്ക് പ്രശ്നം വ്യാപിക്കാതിരിക്കാൻ വിരൽമുറിക്കേണ്ട അവസ്ഥയിലുമായി. ചൈനയിലെ ഷോംഗ്വിംഗിലുള്ള ഫൂട്ട് മസാജ് പാർലറിലാണ് ജീവനക്കാരുടെ പിടിപ്പുകേട് ദുരന്തമായി പര്യവസാനിച്ചത്.
കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു സംഭവമുണ്ടായത്. നാല് വയസുള്ള ലിൻ എന്ന കുഞ്ഞിന്റെ കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. 600 യുവാൻ നൽകിയാണ് കുഞ്ഞിന്റെ കാലിൽ മസാജ് ചെയ്തത്. ഏഴായിരം രൂപ വരുമിത്. ഈ സാഹചര്യത്തിൽ 2,00,000 യുവാൻ തുക (23 ലക്ഷം രൂപ) നഷ്ടപരിഹാരം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാൽ തുക കൂടുതലാണെന്ന് കാണിച്ച് പാർലർ ഉടമ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു.
നിയമപോരാട്ടത്തിനൊടുവിൽ കുടുംബത്തിന് അനുകൂലമായ വിധി വന്നു. ലൈസൻസിലുള്ള പേര് മറച്ച് മറ്റൊരു പേരിലാണ് പാർലർ നടത്തിയതെന്നും കുഞ്ഞിന്റെ കാലിൽ പുരട്ടിയ ക്രീമിന് ആവശ്യമായ ലൈസൻസില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. തൽഫലമായി 1,60,00 യുവാൻ തുക കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു.















