കോഴിക്കോട്; കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും ചേർന്നാണ് പുരസ്‌കാരം സമർപ്പിച്ചത്. കോഴിക്കോട് കേസരി ഭവനിൽ നടന്നുവരുന്ന നവരാത്രി സർഗോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പുരസ്‌കാര സമർപ്പണം.
ശക്തിയെ സമാഹരിക്കാനുള്ള ഉത്സവമാണ് നവരാത്രി ആഘോഷമെന്ന് ഗോവ ഗവർണർ അഭിപ്രായപ്പെട്ടു. ആചാരാനുഷ്ടാനങ്ങളും ഭാഷയും വ്യത്യസ്തമാണെങ്കിലും ഇന്ത്യക്കാരുടെ മനസിലെ ഏകതയുടെ ബീജത്തെ പരിപോഷിപ്പിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേസരി നവരാത്രി സർഗ്ഗോത്സവം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും, സംസ്‌കാരത്തെ ഉയർത്തികൊണ്ട് വന്നാൽ ഭാരതത്തെ ലോകരാഷ്‌ട്രങ്ങളുടെ ഗുരു സ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണ് നവരാത്രിയുടെ സങ്കൽപമെന്നാണ് താൻ മനസിലാക്കിയിട്ടുളളതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.
പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. നവരാത്രി സർഗോത്സവ സമിതി അദ്ധ്യക്ഷയും നടിയുമായ വിധുബാല, ജൻമഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശി കുമാർ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീത സദസും അരങ്ങേറി.
കലാ സാഹിത്യം സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവന മുൻനിർത്തിയാണ് കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം നൽകുന്നത്. 25000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.