പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികൾ പന്തളം കൊട്ടാരത്തിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ശബരിമല തീർത്ഥാടകർ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ശബരിമലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. മാറിവരുന്ന സർക്കാരും ബോർഡും ഭക്തരെ ചൂഷണം ചെയ്യുക എന്നത് ഒഴിച്ചാൽ ഒരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.
ശബരിമലയിൽ തീർത്ഥാടന കാലത്ത് രാജ്യത്തിനകത്തും പുറത്തുനിന്നുമായി ദശലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. എന്നാൽ കോവിഡ് മഹാമാരിയുടെ കാലത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. അതിന്റെ മറപിടിച്ച് ശബരിമലയിൽ എത്തുന്ന തീർത്ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് വെർച്ചൽ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാർത്ഥത്തിൽ ഭക്തരുടെ വിവര ശേഖരണം ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
നിരവധി ഭക്തർ ദിവസങ്ങളും മാസങ്ങളും എടുത്ത് കാൽനടയായി വ്രതശുദ്ധിയോടെ ശബരിമലയിലേക്ക് വരാറുണ്ട്. കാലാവസ്ഥയും ഗതാഗതപ്രശ്‌നങ്ങളും കാരണം വെർച്വൽ ക്യൂ ബുക്ക് ചെയ്ത സമയത്ത് അവർക്ക് എത്തിപ്പെടാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഭക്തരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കരുത്. കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ഈ കാനനക്ഷേത്രത്തിലെ തീർത്ഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെയും അതിലേറെ ദേവസ്വം ബോർഡിന്റെയും കടമയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും കാലങ്ങളായി തീർത്ഥാടനം നിയന്ത്രിക്കുന്നത് പോലീസാണ്. ഭക്തർക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് ശബരിമലയിൽ ബോർഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇത്തരം വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. ഒക്ടോബർ 16ന് തിരുവാഭരണ മാളികയിൽ നാമജപ പ്രാർത്ഥനയും തുടർന്ന് 26ന് വൈകിട്ട് മൂന്ന് മണിക്ക് ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ അയ്യപ്പഭക്ത സംഘടനകളുടെയും ക്ഷേത്ര ഭാരവാഹികളുടെയും യോഗം ചേരാനും കർമ്മ പദ്ധതിക്ക് രൂപം നൽകുവാനും തീരുമാനമായി.
യോഗത്തിൽ ആചാര സംരക്ഷണസമിതി സെക്രട്ടറി ജി പൃഥ്വിപാൽ സ്വാഗതം ആശംസിച്ചു. അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി യോഗം ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവാഹക സംഘം അധ്യക്ഷൻ എൻ ശങ്കർ വർമ്മ അധ്യക്ഷത വഹിച്ച പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറി പി എൻ നാരായണവർമ്മ വിശദീകരണം നൽകി.
അയ്യപ്പ സേവാ സംഘം സംസ്ഥാന പ്രസിഡന്റ് നരേന്ദ്രൻ നായർ, കൊട്ടാരം നിർവാഹക സംഘം ട്രഷറർ ദീപാവർമ്മ, ആചാര സംരക്ഷണ സമിതി അംഗം എം.ബി ബിനു കുമാർ, അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജയൻ ചെറുവള്ളിൽ, ഹരിഹരപുത്ര സേവാ സംഘം ജനറൽ സെക്രട്ടറി അനിൽ വാത്തിക്കുളം, കൊട്ടാരം നിർവാഹകസംഘം വൈസ് പ്രസിഡന്റ് അരുൺ വർമ്മ എന്നിവർ പ്രസംഗിച്ചു