ന്യൂഡൽഹി: ഇന്ത്യയുടെ ലോജിസ്റ്റിക്സ്-കണക്ടിറ്റിവിറ്റി മേഖലയിൽ പുത്തൻ ഉണർവ് നൽകിയ പദ്ധതിയാണ് പിഎം ഗതിശക്തി. പദ്ധതി ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷമായി. വളരെ കുറച്ച് നാളിനുള്ളിൽ തന്നെ ആഗോളതലത്തിലേക്ക് ഉയരുകയാണ് പിഎം ഗതിശക്തി പദ്ധതി. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മഡഗാസ്കർ, സെനഗൽ, ഗാംബിയ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങൾ ഭാരതത്തിന്റെ അഭിമാന പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം.
വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണ് ഇത്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ ഇതുവരെ 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക് പിഎം ഗതിശക്തി അംഗീകാരം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് സാമ്പത്തിക ഇടനാഴികളുടെ 434 പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസുമായി പങ്കുവച്ചു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിൽ ഇന്ത്യ ഇന്ന് ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. വിവിധ മന്ത്രാലയങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഡാറ്റ സംയോജിപ്പിച്ച് കാര്യക്ഷമവും സുതാര്യവും ഫലപ്രാപ്തിയുമുള്ള സംവിധാനം സൃഷ്ടിക്കാൻ ഭാരതത്തിനായി.
പദ്ധതികൾ വളരെ വേഗത്തിൽ യാഥാർത്ഥ്യമാക്കുന്നതിലും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്‌ക്കുന്നതിലും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും മികച്ച സേവനങ്ങൾ എത്തിക്കുന്നതിലും പദ്ധതി നിർണായക പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു, പ്രാദേശിക വികസനം ഉറപ്പാക്കാനായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റേറ്റ് മാസ്റ്റർ പ്ലാൻ (എസ്എംപി) പോർട്ടലുകൾ പ്രവർത്തിക്കുന്നു.















