കോഴിക്കോട്: കേസരി വാരികയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരദീക്ഷ ചടങ്ങിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ. കോഴിക്കോട് ചാലപ്പുറത്തുള്ള കേസരി ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലാണ് കുരുന്നുകൾ ആചാര്യൻമാരിൽ നിന്ന് അക്ഷരദീക്ഷ സ്വീകരിച്ചത്. പരമ്പരാഗത രീതിയിൽ സ്വർണത്തുമ്പുളള നാരായം കൊണ്ട് തേനും വയമ്പും ചാലിച്ച് നാവിൽ ഹരിശ്രീ കുറിച്ച ശേഷമായിരുന്നു കുരുന്നുകളെ അരിയിൽ അക്ഷരം എഴുതിച്ചത്.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ, സീമാജാഗരൺ മഞ്ച് ദേശീയ സംരക്ഷക് എ ഗോപാലകൃഷ്ണൻ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുൻ മേധാവിയും പ്രഭാഷകയുമായ ഡോ. വി സുജാത, ഗ്രന്ഥകാരനും സാഹിത്യനിരൂപകനുമായ ഡോ. എ.എം ഉണ്ണികൃഷ്ണൻ, അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ വിധുബാല തുടങ്ങിയവരാണ് കുരുന്നുകൾക്ക് അക്ഷരദീക്ഷ പകർന്നു നൽകിയത്.

ആർഷ സംസ്‌കാരത്തിൽ ആയൂർവേദ വിധിപ്രകാരം അനുഷ്ഠിക്കുന്ന കാര്യങ്ങൾ പാലിച്ചാണ് കേസരിയിൽ അക്ഷരദീക്ഷ ചടങ്ങുകൾ നടക്കുന്നതെന്ന് കേസരി പത്രാധിപർ കൂടിയായ ഡോ. എൻ.ആർ മധു ഓർമ്മിപ്പിച്ചു. സ്വർണത്തുമ്പ് ഘടിപ്പിച്ച നാരായത്തിന്റെ അടിയിൽ സരസ്വതി ദേവി കുടികൊളളുന്നുവെന്നാണ് വിശ്വാസം. തേനും വയമ്പും ഉപയോഗിക്കുന്നത് തലച്ചോറിലെ കോശങ്ങളെ ഉദ്‌ബോധിപ്പിക്കും. അത് പൂർണമായി പാലിച്ച് നാവിൽ നാരായം കൊണ്ട് എഴുതിച്ച ശേഷമാണ് അരിയിൽ അക്ഷരദീക്ഷ പകർന്നുകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രകലയിലും നൃത്തത്തിലും വിദ്യാരംഭം കുറിക്കാനുളള അവസരവും കേസരിയിൽ ഒരുക്കിയിരുന്നു. ആർട്ടിസ്റ്റ് മദനൻ, രാജഗോപാൽ ഇരുവള്ളൂർ എന്നിവർ ചിത്രകലാ വിദ്യാരംഭത്തിനും, ഗായത്രി മധുസൂദൻ നൃത്തവിദ്യാരംഭത്തിനും ആചാര്യരായി. രാവിലെ പൂജയ്‌ക്കും ശേഷം ആരതിക്കും ശേഷമാണ് അക്ഷരദീക്ഷ ചടങ്ങുകൾ തുടങ്ങിയത്. അക്ഷരദീക്ഷ സ്വീകരിക്കുന്ന കുരുന്നുകൾക്ക് സരസ്വതിദേവിയുടെ ചിത്രമാണ് പ്രസാദമായി നൽകിയത്.

മൂന്നാം തീയതി മുതൽ കേസരിയിൽ നടന്നുവന്ന കേസരി നവരാത്രി സർഗ്ഗോത്സവത്തിന് കൂടിയാണ് വിജയദശമി ദിനത്തിൽ പരിസമാപ്തിയാകുക.















