തിരുവനന്തപുരം: പ്രോട്ടോകോളുകളുടെ തടസങ്ങൾ ഒഴിഞ്ഞുനിന്ന രാജ്ഭവനിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. മടിയിലിരുത്തി ‘ ഹരിശ്രീ ഗണപതയേ നമഃ’ എന്ന് കുഞ്ഞുങ്ങൾക്ക് ചൊല്ലി കൊടുക്കുമ്പോൾ ഒരു മുത്തശ്ശന്റെ സ്നേഹവും വാത്സല്യവും കൂടിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവർക്ക് പകർന്നു നൽകിയത്.
ഇംഗ്ലീഷിലാണ് ഗവർണർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകിയത്. ചിലർ അനുസരണയുള്ള കൊച്ചു മക്കളെ പോലെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ചു, മറ്റു ചിലർ കൗതുകത്തോടെ ഹരിശ്രീ കുറിച്ചു. 55 ഓളം കുരുന്നുകളാണ് രാജ്ഭവനിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യമായി പിച്ചവച്ചത്.

1 മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന ചടങ്ങിനായിരുന്നു രാജ്ഭവൻ ഇന്ന് സാക്ഷ്യം വഹിച്ചത്. രാവിലെ പ്രത്യേക പൂജകൾക്കും സരസ്വതീ പൂജയ്‌ക്കും ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. രാജ്ഭവൻ ജീവനക്കാരും കടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജാതിമതഭേദമന്യേ നിരവധി പേരാണ് കുഞ്ഞുങ്ങളെ രാജ്ഭവനിൽ എഴുത്തിനിരുത്തിയത്.
ഹരിശ്രീ കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ഗവർണർ ആശംസകൾ അറിയിച്ചിരുന്നു. ”ലോകമെമ്പാടുമുള്ള കേരളീയർക്ക് വിജയദശമി ആശംസകൾ. അക്ഷരമാലയുടെയും, അറിവിന്റെയും ലോകത്തേക്ക് വിദ്യാരംഭം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ നേരുന്നു.”- ആരിഫ് മുഹമ്മദ് ഖാൻ കുറിച്ചു. വിജയദശമിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ വിപുലമായ ചടങ്ങുകളാണ് നടക്കുന്നത്.















