ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ കരവപ്പേട്ടയില്‍ എക്‌സ്പ്രസ് ട്രെയിന്‍ ചരക്ക് തീവണ്ടിക്കുപിന്നില്‍ ഇടിച്ചുകയറിയ അപകടം ആസൂത്രിതമെന്ന സംശയം ശക്തമാകുന്നു.
ട്രെയിൻ അപകടം നടക്കുമ്പോൾ 1800 ഓളം യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് എൻ ഐ എ അന്വേഷണം ആരംഭിച്ചപ്പോൾ സ്‌റ്റേഷന് സമീപത്തെ സിഗ്നലിങ് പോയിൻ്റിൽ ബോൾട്ടുകളും ബ്രാക്കറ്റുകളും തുറന്ന നിലയിൽ കണ്ടെത്തി. ഇതോടൊപ്പം ട്രാക്കിൽ ഘടിപ്പിച്ച നട്ടുകളും കാണാതായിട്ടുണ്ട് .
പ്രധാന ലൈനിലൂടെ പോകേണ്ട തീവണ്ടി ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിന് കവരപ്പേട്ടയില്‍ സ്റ്റോപ്പ് ഇല്ലായിരുന്നു. ചെന്നൈയില്‍നിന്ന് പുറപ്പെട്ടതിന് ശേഷം ലോക്കോ പൈലറ്റ് സിഗ്‌നലുകള്‍ കൃത്യമായി പിന്തുടര്‍ന്നിരുന്നു. കവരപ്പേട്ടയില്‍വെച്ച് മെയിന്‍ ലൈന്‍ എടുക്കുന്നതിനുപകരം, സിഗ്‌നല്‍ അനുസരിച്ച് ട്രെയിന്‍ തെറ്റായി ലൂപ്പ് ലൈനിലേക്ക് മാറിയപ്പോള്‍ ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.