തിരുവനന്തപുരം: മദ്രസയിലെ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് പി സി ജോർജ്. സംസ്ഥാന സർക്കാരുകൾ നൽകുന്ന ധനസഹായവും വാങ്ങി കുട്ടികൾക്ക് അറബി മാത്രം പഠിപ്പിച്ച് പോകുന്നത് ശരിയല്ലെന്നും പി സി ജോർജ് പറഞ്ഞു.
” എല്ലാ കുഞ്ഞുങ്ങൾക്കും പൊതുവിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മദ്രസകൾക്ക് മാത്രമായി ധനസഹായം ലഭിക്കുന്നത് മതസ്പർദ്ധ വരുത്തുന്നതിന് കാരണമാകും. അതിനാൽ ധനസഹായം നിർത്തലാക്കുന്നതാണ് ഉചിതമായ തീരുമാനം. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശത്തെ അംഗീകരിക്കുന്നു.”- പി സി ജോർജ് പറഞ്ഞു.
മദ്രസകൾക്ക് മാത്രം നൽകുന്ന ധനസഹായം നിർത്തണം. ഇതല്ലെങ്കിൽ എല്ലാ മതപഠന കേന്ദ്രങ്ങൾക്കും ഇത്തരം ധനസഹായം നൽകണം. വർഗീയത വളർത്തുന്ന രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസയിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസത്തെ കുറിച്ചുള്ള അറിവ് നഷ്ടപ്പെടും. മാറി വരുന്ന പരിഷ്‌കാരങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി നഷ്ടപ്പെടുമെന്നും പി സി ജോർജ് വ്യക്തമാക്കി.
മദ്രസകളുടെ പ്രവർത്തനങ്ങളിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേന്ദ്ര ബാലാവകാശ കമ്മീഷൻ മദ്രസ ബോർഡുകൾ പിരിച്ചു വിടാൻ നിർദേശം നൽകിയത്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമായ വിദ്യാഭ്യാസത്തിൽ മതവിദ്യാഭ്യാസം ഉൾപ്പെടില്ലെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം ബാലാവകാശ കമ്മീഷന്റെ നിർദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്നാണ് മത സംഘടനകൾ പറയുന്നത്. കേരളത്തിൽ മദ്രസാ ബോർഡുകളില്ലെന്നും സാമ്പത്തിക സഹായങ്ങൾ കാര്യമായി ലഭിക്കുന്നില്ലെന്നും പൊതുവിദ്യാഭ്യാസം വേണ്ടെന്ന് വച്ചിട്ടില്ലെന്നും മത സംഘടനകൾ വ്യക്തമാക്കി.















