കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സമാധാനം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. സീരിയസ് കഥാപാത്രങ്ങളിൽ നിന്നും വീണ്ടും കോമഡിക്ക് പ്രാധാന്യമുളള വേഷമാണ് ചിത്രത്തിലേതെന്ന് വിഷ്ണു പറഞ്ഞു.
ശ്രീവന്ദ് ക്രിയേഷൻസിന്റെ ബാനറിലാണ് സമാധാനം നിർമിക്കുന്നത്. ചിത്രത്തിൽ അണിനിരക്കുന്നതിൽ അധികവും പുതുമുഖ താരങ്ങളാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയയായ താരം ആഷിക അശോകനാണ് ചിത്രത്തിലെ നായിക. തമിഴ് സംവിധായകനായ കൊമ്പയ്യയാണ് ചിത്രം ഒരുക്കുന്നത്. പൂജയുടെ ഭാഗമായി വിഷ്ണു ഉണ്ണികൃഷ്ണൻ, മണികണ്ഠൻ ആചാരി, ആഷിക അശോകൻ എന്നിവർ വിളക്ക് കൊളുത്തി.
ഇതുവരെ ചെയ്യാത്ത ഒരു വേഷത്തിലാണ് താൻ എത്തുന്നതെന്ന് പൂജയ്‌ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ഹ്യൂമറിൽ നിന്ന് താൻ എവിടേക്കും പോയിട്ടില്ലെന്നും നല്ല വേഷങ്ങൾ വരുമ്പോൾ ചെയ്യുന്നതാണെന്നും വിഷ്ണു പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണിതെന്നും ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും നടി ആഷിക പറഞ്ഞു.