പത്തനംതിട്ട: കൊല്ലം: ട്രെയിൻ യാത്രക്കിടെ ദമ്പതികളെ ബോധംകെടുത്തി മോഷണം. പത്തനംതിട്ട വടശേരിക്കര സ്വദേശികളായ പിഡി രാജു, മറിയാമ്മ എന്നിവരാണ് മോഷണത്തിനിരയായത്. ഇവരുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും മോഷണം പോയി. ദമ്പതികളുടെ കുടിവെള്ളത്തിൽ ലഹരിമരുന്ന് കലർത്തി ബോധംകെടുത്തിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവം. തമിഴ്‌നാട്ടിലെ പുത്തൂരിൽ സ്ഥിരതാമസമാക്കിയവരാണ് ദമ്പതികൾ ഇവർ ഇടയ്‌ക്ക് നാട്ടിൽ വന്നുപോകാറുണ്ട്. ഇത്തരത്തിൽ നാട്ടിൽ വന്ന് ട്രെയിനിൽ തിരികെ മടങ്ങവെയാണ് ദമ്പതികളെ കൊള്ളയടിച്ചത്. കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ദമ്പതികൾ കുടിവെള്ളം ഫ്ലാസ്കിലാക്കി സീറ്റിനരികിൽ വച്ചിരുന്നു. ഇതിൽ ലഹരിമരുന്ന് കലർത്തിയാണ് മോഷണം നടത്തിയത്. വെള്ളം കുടിക്കാനായി ഒരുങ്ങിയപ്പോൾ അടുത്തിരുന്ന അപരിചിതൻ സഹായിക്കാനെന്ന രീതിയിൽ സമീപിച്ചു. എന്നാൽ ഇതുവേണ്ടെന്ന് പറഞ്ഞ ശേഷം ഇരുവരും സ്വയം വെള്ളം കുടിക്കുകയായിരുന്നു. ഫ്ലാസ്കിലെ വെള്ളം കുടിച്ചതിനുപിന്നാലെ ബോധം പോവുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
ജോളാർ പേട്ടയിലായിരുന്നു ദമ്പതികൾക്ക് ഇറങ്ങേണ്ടിയിരുന്നത്. മാതാപിതാക്കളെ വിളിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി. ഇരുവരും വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ഷിനുരാജിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















