മുടികൊഴിച്ചിൽ മിക്ക സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഒരിക്കലും പരിഹാരം കണ്ടെത്താനാകാത്ത പ്രശ്‌നമായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ സൗന്ദര്യം വർധിപ്പിക്കാനായി ഒത്തിരി നുറുങ്ങുവിദ്യകൾ കാണാറുണ്ട്. എന്നാൽ മുടി കൊഴിച്ചിലിന്റെ കാര്യത്തിൽ പെൺകുട്ടികൾ പെട്ടന്ന് ഫലംകിട്ടുന്ന പൊടിക്കൈകൾ പരീക്ഷിച്ച് മടുത്തവരാണ്. എന്നാൽ വീട്ടുമുറ്റത്ത് നിൽക്കുന്ന കറിവേപ്പില മതി ഇതിനുള്ള പരിഹാരമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കറിവേപ്പില നമ്മുടെ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്. എന്നാൽ കറികളിൽ കറിവേപ്പില കണ്ടാൽ അതെടുത്ത് മാറ്റിയ ശേഷം കഴിക്കുന്നവരാണ് ഒട്ടുമിക്കവരും. ഈ ശീലം മാറ്റിയാൽ മുടികൊഴിച്ചിലിനുള്ള പരിഹാരമാവുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കറികളിൽ ചേർത്ത് കറിവേപ്പിലയുടെ ഗുണങ്ങൾ കളയേണ്ട ആവശ്യമില്ല. ഇത് പച്ചയ്‌ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
കറിവേപ്പില പച്ചയ്‌ക്ക് കഴിക്കുമ്പോൾ പൂർണ്ണമായ പോഷക ഗുണങ്ങളും ബയോ ആക്ടീവ് സംയുക്തങ്ങളും ശരീരത്തിന് ലഭ്യമാകും. കറിവേപ്പിലയിൽ വിറ്റാമിൻ എ, ബി, സി, ഡി തുടങ്ങിയ അവശ്യ പോഷകങ്ങളും കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ചില ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇവയിൽ ധാരാളമുണ്ട്. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ തുടങ്ങിയ സംയുക്തങ്ങൾ മുടി കൊഴിയുന്നത് കുറയ്‌ക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.
പച്ച കറിവേപ്പില ചവച്ചുകഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ സെബം ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കും. തലയോട്ടിയുടെയും ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കാൻ സഹായിക്കുകയും മുടി കൊഴിച്ചിലും പൊട്ടലും കുറയ്‌ക്കുകയും ചെയ്യും.
കറിവേപ്പില ചവയ്‌ക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുമെന്നും അതുവഴി രോമകൂപങ്ങളിലേക്കുള്ള പോഷക വിതരണം വർദ്ധിപ്പിക്കുകായും ചെയ്യും. കറിവേപ്പിലയിൽ സമൃദ്ധമായ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുള്ളതിനാൽ, മുടിയുടെ അകാല നരയ്‌ക്ക് കാരണമായേക്കാവുന്ന ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്‌ക്കാൻ അവ സഹായിക്കും. അടുക്കളത്തോട്ടങ്ങളിൽ വളർത്തുന്ന കറിവേപ്പിലകളാണ് ഇത്തരത്തിൽ പച്ചയ്‌ക്ക് കഴിക്കാൻ ഉത്തമം. കടകളിൽ നിന്നും വാങ്ങുന്ന ഇലകളിൽ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടാകും. അതിനാൽ ചെറുചൂടുവെള്ളത്തിൽ കഴുകിയ ശേഷമേ ഇത് കഴിക്കാവൂ.