ബോളിവുഡിലെ താരങ്ങളുടെ പ്രണയബന്ധങ്ങളും വിവാഹവും വിവാഹ മോചനങ്ങളും എല്ലാം പാപ്പരാസികൾ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. എന്നാൽ ഇത്തരം വാർത്തകളിൽ അധികം ഇടം പിടിക്കാത്ത ബോളിവുഡ് താരമാണ് ശ്രദ്ധ കപൂർ. ശ്രദ്ധയുടെ ‘സ്ത്രീ 2 ‘ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായി ബോക്സോഫീസിൽ കുതിക്കുകയാണ്. ഇതിനിടയിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വനിതാ ഫാഷൻ മാഗസീനായ കോസ്‌മോപൊളിറ്റനുമായുള്ള പുതിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. തന്റെ പങ്കാളിയുമായി സമയം ചെലവഴിക്കാനാണ് ഏറെ ഇഷ്ടമെന്ന് അഭിമുഖത്തിനിടയിൽ ശ്രദ്ധ പറയുന്നു.
“എന്റെ പങ്കാളിയുമായി സമയം ചെലവഴിക്കുന്നതും അവനോടൊപ്പം സിനിമ കാണുന്നതും അത്താഴത്തിന് പോകുന്നതും യാത്ര ചെയ്യുന്നതും പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു” ശ്രദ്ധ പറഞ്ഞു. നടി സിംഗിൾ അല്ലെന്ന സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഈ പ്രസ്താവന. വിവാഹ ആലോചനകളെപ്പറ്റിയുള്ള താരത്തിന്റെ കാഴ്ചപ്പാടും അഭിമുഖത്തിൽ പറയുന്നുണ്ട്.
“വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നല്ല, മറിച്ച് ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് പ്രധാനം. വിവാഹം കഴിക്കണമെന്ന് ഒരാൾക്ക് തോന്നിയാൽ, അത് വളരെ നല്ലതാണ്. പക്ഷേ, അവർക്ക് വിവാഹം വേണ്ടെന്ന് തോന്നിയാൽ അതും കൊള്ളാം”ശ്രദ്ധ പറഞ്ഞു.
മുൻപ് ആഷിഖി 2 ലെ നടനായ ആദിത്യ റോയ് കപൂറുമായി ശ്രദ്ധ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നീട് ബോളിവുഡിലെ സഹസംവിധായകനായ രാഹുൽ മോദിയുമായുള്ള ശ്രദ്ധയുടെ അടുപ്പവും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു.















