ടെക്സാസ്: ബഹിരാകാശ മേഖലയിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. വിക്ഷേപിച്ച റോക്കറ്റ് ഭാഗം സുരക്ഷിതമായി തിരിച്ചെത്തിച്ചാണ് സ്പേസ് എക്സ് പുതു അദ്ധ്യായം രചിച്ചിരിക്കുന്നത്. സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചതിന് പിന്നാലെ അതിന്റെ ബൂസ്റ്റർ ഭാഗം അതേ ലോഞ്ച് പാഡിൽ തിരിച്ചിറക്കി.
ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്പേസ്ക്രാഫ്റ്റ് നിർമാതാക്കളാണ് SpaceX. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചാണ് സ്പേസ് എക്സ് പ്രവർത്തിക്കുന്നത്. നിലവിൽ വിജയം കണ്ട പുതിയ പരീക്ഷണ വിക്ഷേപണം ബഹിരാകാശ മേഖലയിലെ അതിനിർണായകമായ ചുവടുവയ്പ്പാണ്. സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണമായിരുന്നു നടന്നത്.
ആദ്യമായാണ് ഒരു റോക്കറ്റിന്റെ ഭാഗം ഇത്തരത്തിൽ വീണ്ടെടുക്കുന്നത്. വിജയകരമായി ഇത് ലാൻഡ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ മസ്ക് തന്നെ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ടെക്സാസിലെ ബ്രൗൺസ് വില്ലിലായിരുന്നു വിക്ഷേപണം നടന്നത്.
The tower has caught the rocket!!
pic.twitter.com/CPXsHJBdUh— Elon Musk (@elonmusk) October 13, 2024
റോക്കറ്റ് ലോഞ്ച് ചെയ്ത് ഏഴ് മിനിറ്റിനകം 71 മീറ്റർ നീളമുള്ള ബൂസ്റ്റർ ഭാഗം തിരിച്ചെത്തി. ലോഞ്ച്പാഡിൽ തന്നെ തിരിച്ചിറക്കാനായത് വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചാൽ തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായി എത്തുന്നതിനുള്ള വലിയ സാധ്യതകൾക്കാണ് സ്പേസ് എക്സിന്റെ പരീക്ഷണ വിക്ഷേപണം വഴിയൊരുക്കുന്നത്.















