ആടുജീവിതം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവതാരം ഗോകുലിന് ഷൂട്ടിംഗിനിടെ പരിക്ക്. ഗോകുൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം മ്ലേച്ചന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ആലുവയിൽ വച്ച് നടന്ന സംഘട്ടന രംഗത്തിനിടെയായിരുന്നു അപകടം.
നടൻ കലാഭവൻ ഷാജോണിനൊപ്പമുള്ള സീനിലാണ് ഗോകുലിന് പരിക്കേറ്റത്. തുടർന്ന് ഷൂട്ടിംഗ് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. കൈയ്‌ക്ക് പൊട്ടലുണ്ടെന്നാണ് വിവരം. ഈ മാസം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
വിനോദ് രാമൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശാ ശരത്, ശ്രുതി ജയൻ, ആദിൽ ഇബ്രഹാം, അജീഷ് ജോസ്, പൊന്നമ്മ ബാബു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഗായത്രി സതീഷാണ് ചിത്രത്തിലെ നായിക.
ആടുജീവിതത്തിൽ ഹക്കീം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ താരമാണ് ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ഗോകുലിന് ലഭിച്ചിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള ഗോകുലിന്റെ പ്രയത്നങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.















