തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് നടൻ ബൈജു അറസ്റ്റിലായത്. പിന്നാലെ മ്യൂസിയം പൊലീസ് നടനെ ജാമ്യത്തിൽ വിട്ടയച്ചു. അപകട സമയത്ത് നടന്റെ കൂടെ മകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ കാറപടകവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്‌ക്കുന്നതിനെ മകൾ ഐശ്വര്യ രംഗത്തെത്തി. അപകടസമയം താനല്ല, അച്ഛന്റെ കസിന്റെ മകളായിരുന്നു കൂടെയുണ്ടായതെന്ന് മകൾ പറഞ്ഞു. കാർ അപകടം നടക്കുമ്പോൾ അച്ഛനൊപ്പം ഉണ്ടായിരുന്ന വ്യക്തി ഞാനല്ല. അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ സ്റ്റോറി പോസ്റ്റ് ചെയ്തത്.’ – എന്നാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വെള്ളയമ്പലം ജംഗ്‌ഷനിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് നടൻ അപകടമുണ്ടാക്കിയത്. കവടിയാറിൽ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയർ പൊട്ടി.
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരോട് നടൻ കയർത്ത് ശ്രമിച്ചിരുന്നു. ‘സംഭവം എന്താണ്? വണ്ടിയാകുമ്പോൾ തട്ടും, കുഴപ്പമെന്താ. നിങ്ങൾക്ക് അതൊക്കെ വല്യ വാർത്തയാണോ. ഇതൊന്നും കണ്ട് പേടിക്കില്ല. വേറെ ആളെ നോക്കണം- എന്നാണ് നടൻ പറഞ്ഞത്.















