തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മദ്ധ്യ അറബിക്കടലിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. തെക്കൻ കേരളത്തിന് കുറുകെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. കൂടാതെ, അടുത്ത ദിവസങ്ങളിൽ മദ്ധ്യതെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും. ഇതിന്റെയൊക്കെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ഈ മാസം 17 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീര-മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.