ബംഗളൂരു: കർണ്ണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയം വീണ്ടും പുറത്ത്. കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് പ്രക്ഷോഭം നടത്തിയ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ മന്ത്രിസഭ അനുമതി നൽകി. അതേസമയം ഉപസമിതി ശുപാർശയുണ്ടായിട്ടും ഹിന്ദു വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ വിസമ്മതിക്കുകയും ചെയ്തു.
കോവിഡ് മൂന്നാം തരംഗത്തിൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്. കലബുറഗി ജില്ലയിലെ അലന്ദ് നഗരത്തിൽ ‘ഹിജാബ് ഞങ്ങളുടെ അവകാശം’ പേരിൽ ഘോഷയാത്ര നടത്തിയതിനാണ് സാഹിറുദ്ദീൻ അൻസാരി ഉൾപ്പെടെയുള്ള എഐഎംഐഎം നേതാക്കൾക്കെതിരെ കേസ് എടുത്തത്. ഇതേ സമയത്താണ് ഒരു പ്രാദേശിക കോളേജിൽ ഹിജാബിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബി.കോം വിദ്യാർത്ഥികളായ ധനുഷിനും മാരുതിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
2022ലെ ഹുബ്ബള്ളി കലാപവുമായി ബന്ധപ്പെട്ട അതീവ പ്രധാന്യമുള്ള കേസുകൾ അടക്കം പിൻവലിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. കേസുകൾ പിൻവലിക്കുന്നതിൽ പോലും വർഗീയ സമീപനം വെച്ചു പുലർത്തുന്ന കർണ്ണാടക സർക്കാരിന്റെ നടപടിയെ ബിജെപി ചോദ്യം ചെയ്തു.
ഞായറാഴ്ച ഹുബ്ബള്ളിയിൽ സിദ്ധരാമയ്യയുടെ വാഹനവ്യൂഹത്തിന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഒരു പ്രത്യേക സമുദായത്തെ തൃപ്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ കേസുകൾ പിൻവലിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് അശ്വത് നാരായൺ പറഞ്ഞു. മുഡ ഭൂമി കുംഭകോണത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന് കർണാടക സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു.















