ന്യൂഡൽഹി: കോവിഡ്- 19 വാക്‌സിന് പാർശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാക്‌സിനുകൾ സ്വീകരിക്കുന്നത് മൂലം രക്തം കട്ടപിടിക്കുന്ന് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ഹർജി, ആളുകളെ ആശങ്കപ്പെടുത്തുന്നതും ജനവികാരം ഉണർത്തുന്നതുമാണെന്നും സൃഷ്ടിക്കുന്നതുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനവികാരം ഇളക്കിവിടുന്ന ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി താക്കീത് നൽകി.
” ആക്ഷൻ ക്ലാസ് സ്യൂട്ട് ഫയൽ ചെയ്യുക! ഇതിൽ എന്താണ് അർത്ഥമുള്ളത്. എന്തിനാണ് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത്? അത് എടുത്തില്ലെങ്കിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തായിരിക്കും? ഇക്കാര്യങ്ങളെല്ലാം നിങ്ങൾ മനസിലാക്കണം. ഈ ഹർജി ഉയർത്തി പിടിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് വെറും സെൻസേഷൻ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.”- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. പ്രിയ മിശ്ര എന്നയാൾ ഉൾപ്പെടെ പൊതു താത്പര്യ ഹർജി എന്ന തരത്തിൽ ചിലർ സമർപ്പിച്ച ഹർജികളാണ് കോടതി തളളിയത്.