ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവസാന ഓവറിൽ ജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതിരുന്ന ഹർമൻ പ്രീതിനെതരെ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്. ഇന്നലെ ഓസ്ട്രേലിയക്കെതിരെ ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കുന്നതിനുള്ള സാദ്ധ്യതകൾ വർദ്ധിക്കുമായിരുന്നു.
ഓസ്ട്രേലിയയുടെ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ സാധിച്ചുള്ളു.47 പന്തിൽ 54 റൺസുമായി ക്യാപ്റ്റൻ ഹർമൻ ക്രീസിലുണ്ടായിരുന്നപ്പോഴാണ് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടത്. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസ്. ഇന്ത്യ 138/5 എന്ന നിലയിൽ ക്രീസിൽ ഹർമനും പൂജ വസ്ത്രാക്കറും.
ആദ്യ പന്ത് നേരിട്ട കൗർ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളെടുത്തു. സതെർലൻഡിന്റെ അടുത്ത പന്തിൽ പൂജ ബൗൾഡായി. മൂന്നാം പന്തിൽ അരുന്ധതി റെഡ്ഡി റണ്ണൗട്ടായി. എന്നാൽ നാലാം പന്തിൽ ഹർമൻ വീണ്ടും സ്ട്രൈക്കിലെത്തി. ജയിക്കാൻ 13 റൺസ് മതിയെന്നിരിക്കെ മിഡ് ഓഫിലേക്ക് തട്ടിയിട്ട് വീണ്ടും സിംഗിൾ. വൈഡായിരുന്ന അഞ്ചാം പന്തിൽ ശ്രേയങ്ക പാട്ടീൽ റണ്ണൗട്ടായി. തൊട്ടടുത്ത പന്തിൽ രാധ യാദവ് എൽബിയിൽ കുരുങ്ങി പുറത്തായി. പത്താമത് ഇറങ്ങിയ രേണുക സിംഗിന് നേടാനായത് ഒരു റൺ. ഇതോടെ ഇന്ത്യക്ക് 9 റൺസ് തോൽവി.