വാസൻ ബാലയുടെ സംവിധാനത്തിൽ ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് ജിഗ്ര. സിനിമ പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ നിരവധി വിമർശനങ്ങളാണ് ആലിയയും അണിയറ പ്രവർത്തകരും ഏറ്റുവാങ്ങിയത്. പടത്തിന് വേണ്ടത്ര വിജയം നേടാൻ സാധിക്കാതെ പോയതും നിർമാതാക്കളെ സമ്മർദ്ദത്തിലാക്കിയിരുന്നു. സിനിമ സൂപ്പർ ഹിറ്റ് ആണെന്ന് കാണിക്കാൻ ആലിയ തന്നെ എല്ലാ ടിക്കറ്റുകളും വാങ്ങുന്നുവെന്ന അഭ്യൂഹങ്ങളും വിമർശനങ്ങളും ഉയരുകയാണ്. ഇതിനിടെ നടി സാമന്ത പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യങ്ങളിൽ ഇടംപിടിക്കുന്നത്.
ആലിയ ഒരു പുലിക്കുട്ടിയാണെന്നാണ് സാമന്തയുടെ പോസ്റ്റ്. ജിഗ്ര എന്ന സിനിമ, ആലിയ എടുത്തതിൽ വച്ച് ധീരമായ തെരഞ്ഞെടുപ്പാണെന്നും സാമന്ത പറയുന്നു. ഇതിനൊപ്പം സംവിധായകൻ വാസൻ ബാലയ്‌ക്കും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത വേദംഗ് റൈനയ്‌ക്കും താരം അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
” ആലിയ നീ ഒരു പുലിക്കുട്ടിയാണ്! സിനിമ കണ്ടപ്പോൾ എനിക്ക് നിന്നിൽ നിന്നും കണ്ണെടുക്കാൻ സാധിച്ചില്ല. അതിശയിപ്പിക്കുന്നതും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതുമായ അഭിനയമായിരുന്നു കാഴ്ചവച്ചത്. ഈ സിനിമ നീ എടുത്തതിൽ വച്ച് ധീരമായ ചോയ്‌സാണ്.. നീ എപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു..”- സാമന്ത കുറിച്ചു.
വ്യത്യസ്തമായ ശൈലിയിലൂടെയാണ് വാസൻ ബാല സിനിമ അവതരിപ്പിച്ചത്. ഒരു സ്ത്രീ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാമെന്ന് നിങ്ങൾ മികച്ച രീതിയിൽ കാണിച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും സിനിമ നൽകിയ വൈബിലാണ്. വേദംഗ് റൈനയും മികച്ച പ്രകടനം കാഴ്ചവച്ചു. നിങ്ങളുടെ അടുത്ത സിനിമയ്‌ക്കായി കാത്തിരിക്കുന്നു. പടത്തിലെ ചില രംഗങ്ങൾ എന്നെ ശരിക്കും ശ്വാസം മുട്ടിച്ചെന്നും സാമന്ത പറഞ്ഞു.
സാമന്തയുടെ പോസ്റ്റ് വൈറലായതോടെ ആലിയയെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഇരുവരും യഥാർത്ഥ സുഹൃത്തുക്കളാണെന്നും പരസ്പരം പിന്തുണയ്‌ക്കുന്നവരാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് ആലിയയും സാമന്തയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.