കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പരിശോധിച്ച് ഹൈക്കോടതി. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ മദ്യ- ലഹരി ഉപയോഗത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചു. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റി സിനിമാ മേഖലയിൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ അടിസ്ഥാനമാക്കിയാണ് കോടതിയുടെ നിർദേശം.
കേസെടുക്കാവുന്ന നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന നടപടികളുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അറിയിച്ചു.
കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് കോടതി പ്രത്യേകം നിരീക്ഷിച്ചു. അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്താകരുതെന്ന് അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി. പ്രഥമ വിവര റിപ്പോർട്ടിലും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും അതിജീവിതകളുടെ പേര് മറയ്‌ക്കണം. എഫ്ഐആറിന്റെ പകർപ്പ് പരാതിക്കാർക്ക് മാത്രമേ നൽകാവൂവെന്നും കുറ്റാരോപിതർക്ക് പകർപ്പ് ലഭിക്കണമെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടമെത്തണമെന്നും ഹൈക്കോടതി അറിയിച്ചു.















