പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് പമ്പയിലെത്തുന്ന വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, പാർക്കിംഗിന് 25 ശതമാനം അധിക തുക ഈടാക്കുമെന്നുള്ള ദേവസ്വം ബോർഡിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ശബരിമല കർമസമിതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ. ദേവസ്വം ബോർഡിന്റെ ഈ തീരുമാനം പുനരാലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
“ആദ്യമായി പുതിയ സംവിധാനം കൊണ്ടുവരുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് പഠിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. നിലയ്‌ക്കലിൽ വാഹനം പാർക്ക് ചെയ്യുന്ന ഭക്തർക്ക് ദർശനം നടത്തി 24 മണിക്കൂറിനകം തിരികെ വരാനാകില്ല. വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് 48 മണിക്കൂറിനകം അധികം ചാർജുകൾ ഇടാക്കരുതെന്നും” എസ് ജെ ആർ കുമാർ പറഞ്ഞു.
പാർക്കിംഗ് ടെൻഡർ വിജ്ഞാപനത്തിലാണ് ഭക്തരെ പിഴിഞ്ഞ് വരുമാനം ഉണ്ടാക്കാനുള്ള പുതിയ തീരുമാനത്തെ കുറിച്ച് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. പമ്പ, നിലയ്‌ക്കൽ, എരുമേലി തുടങ്ങിയ ഇടങ്ങളിലും നിബന്ധനകൾ ബാധകമാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
അതേസമയം, ഫാസ്റ്റ് ടാഗിനെ കുറിച്ചുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ദേവസ്വം ബോർഡ് ആത്മീയ സ്ഥാപനമാണെങ്കിലും 13,000 ഓളം ജീവനക്കാർ ജോലിയെടുക്കുന്നുണ്ട്. അവർക്ക് സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. ഭക്തർക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മറുപടി.















