എറണാകുളം: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകൾക്ക് മാനഹാനി ഉണ്ടാകരുതെന്ന് വനിത കമ്മീഷൻ ഹൈക്കോടതിയിൽ. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വനിത കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സിനിമയിൽ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കണം. ഭരണഘടനാപരമായ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്ന രീതിയിലായിരിക്കണം സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കേണ്ടത്. നടന്മാർ ചെയ്യുന്ന കഥാപാത്രങ്ങൾ ഒരു സ്ത്രീയ്‌ക്കും മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്‌ത്തുന്നതോ ആകരുത്.
സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനം നിർബന്ധമാക്കണം. പ്രീ പ്രൊഡക്ഷനുകളുമായി ബന്ധപ്പെട്ട ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സ്ത്രീകൾ സുപ്രധാന ഭാഗമാകുന്ന സിനിമകൾക്ക് നികുതി ഇളവുകളും മറ്റ് ഗ്രാന്റുകളും സർക്കാർ നൽകണമെന്നും വനിത കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.