എറണാകുളം: മുൻ ഭാര്യയുടെ പരാതിയിൽ തിങ്കളാഴ്ച രാവിലെയാണ് നടൻ ബാലയെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന ഗായിക അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. വെെകിട്ടോടെ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബാലയ്‌ക്ക് ജാമ്യം അനുവദിച്ചു.
ഇതിനിടെ പൊലീസ് സ്റ്റേഷനിൽ ബാലയെ കാണാനും വീഡിയോ ചിത്രീകരിക്കാനും ‘ചെകുത്താൻ’ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സും എത്തി. മുൻപ് ബാലയും അജു അലക്സും തമ്മിലുള്ള വാക്ക് തർക്കവും കൈയ്യാങ്കളിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വീട്ടിൽ കയറി ബാല തോക്ക് ചൂണ്ടിയെന്നാണ് യൂട്യൂബർ ആരോപിച്ചത്. പിന്നാലെ പൊലീസ് കേസുമായി.
എന്നാൽ ബാലയ്‌ക്കെതിരെ പൊലീസിന് നൽകിയ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അജു പറയുന്നു. ബാലയെ കസ്റ്റഡിയിൽ എടുത്തെന്ന് അറിഞ്ഞ് കാണാൻ വന്നതാണ്. കഴിഞ്ഞ വർഷം വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. എന്റെ സുഹൃത്തിന് നേരെ തോക്ക് ചൂണ്ടി എന്നെ കൊല്ലും അവനെയും കൊല്ലും എന്ന് പറഞ്ഞുപോയവനെതിരെ പരാതി കൊടുത്തിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വീട്ടുസാധനങ്ങളും നശിപ്പിച്ചിരുന്നു.
ഇങ്ങനെയുള്ള നൊട്ടോറിയസ് ആളുകൾ അഴിഞ്ഞാടുകയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓൺലെെനിൽ മാത്രമല്ല ബാല പുറത്തിറങ്ങി നേരിട്ട് പ്രശ്നമുണ്ടാക്കുന്ന ആളാണ്, അജു പറഞ്ഞു.