നടന്മാർക്കെതിരെയുള്ള ലൈംഗികാരോപണ കേസിൽ സത്യാവസ്ഥ തെളിയേണ്ടതുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആർക്കെതിരെയും എന്തും വിളിച്ച് പറയാമെന്നുള്ള അവസ്ഥയാണ് ഇന്നുള്ളതെന്നും ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കാണണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ബോഗയ്ൻവില്ല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.
“ആരോപണങ്ങൾ ശരിയാണെങ്കിൽ അതിന് കൃത്യമായ പരിഹാരം കാണണം. അന്വേഷിച്ച് കണ്ടെത്താൻ ആവശ്യമായ സമയം കൊടുക്കേണ്ടതുണ്ട്. ഒരു സുപ്രഭാതത്തിൽ വന്ന് ആർക്കെതിരെയും എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് ഇപ്പോൾ. അത് സത്യമാണെന്ന് മാദ്ധ്യമങ്ങളും പറയുന്നു. റേറ്റിംഗിന് വേണ്ടി മാദ്ധ്യമങ്ങൾ അങ്ങനെ ചെയ്യുന്നു”.
“അമ്മ സംഘടന ഉടച്ചുവാർക്കേണ്ടതുണ്ട്. സ്ത്രീത്വത്തിന്റെ മാന്യതയും അഭിമാനവും കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം അമ്മയ്‌ക്ക് അകത്തും പുറത്തും ഉണ്ടാകണം. ഇതുവരെ അങ്ങനെ തന്നെയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഞാൻ വിശ്വാസിക്കുന്നത്. ചില ആൾക്കാരുടെ പേരിൽ ആരോപണങ്ങൾ വന്നു. അവർ സംഘടനയിൽ നിന്ന് മാറി നിൽക്കുന്നത് സ്വാഗതാർഹമാണ്”.
അമ്മ സംഘടന ഉടച്ചുവാർത്ത് പുതിയൊരു രൂപത്തിൽ തിരിച്ചുവരും. മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന രീതിയിൽ ശക്തമായി തിരിച്ചുവരണമെന്നാണ് ഒരു അംഗം എന്ന രീതിയിൽ താൻ ആഗ്രഹിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.















