തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ നിയമസഭയിൽ നടത്തിയ വ്യാജ പരാമർശങ്ങൾക്കെതിരെ പരസ്യപ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. നിയമസഭയിലേക്ക് ഇന്ന് നടക്കുന്ന മാർച്ച്് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 ന് തിരുവനന്തപുരം ജിപിഒ ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഹിന്ദു ഐക്യവേദിയെ കൂടാതെ വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കൾ മാർച്ചിൽ അണിനിരക്കും. തൃശൂർ പൂരവും എഡിജിപി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആരോപണങ്ങളാണ് ആർഎസ്എസിനെതിരെ നിയമസഭയിൽ ഉന്നയിക്കപ്പെട്ടത്.
സ്വന്തം വീഴ്ചകൾ മറയ്‌ക്കാൻ എൽഡിഎഫ് – യുഡിഎഫ് എംഎൽഎമാർ ആർഎസ്എസിനെ പഴിചാരുകയായിരുന്നുവെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചത്. നിയമസഭയിലെ രാഷ്‌ട്രീയ പോരിൽ ആർഎസ്എസിനെ അനാവശ്യമായി വലിച്ചിഴയ്‌ക്കുന്നതിൽ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാർച്ച്.