മഹാരാജാസ് കോളേജിൽ തകർപ്പൻ നൃത്തച്ചുവടുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ബോഗയ്ൻവില്ല എന്ന സിനിമയിലെ സ്തുതി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കുഞ്ചാക്കോ ബോബൻ ചുവടുവച്ചത്. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച് അവരെ ഡാൻസ് പഠിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശൃന്ദ, സംഗീത സംവിധായകൻ സുഷിൻ ശ്യം എന്നിവരാണ് കോളേജിലെത്തിയത്. കോളേജിലെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായുമാണ് താരങ്ങൾ കോളേജിലെത്തിയത്.
സുഷിൻ ശ്യാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ലൈവ് പെർഫോർമൻസിനാണ് മഹാരാജാസ് കോളേജ് വേദിയായത്. വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് താരങ്ങൾ ചുവടുവച്ചത്. ഒരുപാട് കലാ പ്രതിഭകൾ പഠിച്ച് വളർന്ന ഇടമാണിവിടെയെന്നും ബോഗയ്ൻവില്ല ടീമിന്റെ വിളംബര യാത്ര മഹാരാജാസ് കോളേജിന്റെ രാജകീയ വേദിയിൽ തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ബോഗയ്ൻവില്ല. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ സ്തുതി എന്ന ഗാനം സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസത്തെ ഹനിക്കുന്ന ഗാനമാണെന്ന് ചൂണ്ടിക്കാട്ടി സിറോ മലബാർ സഭ പരാതിയുമായി രംഗത്തെത്തിയിരുന്നു.















